സർഗ്ഗവേദി റീഡേർസ് ഫോറത്തിന്റെ എട്ടാമത് വീട്ടുമുറ്റ ചർച്ച ശ്രീ പാപ്പച്ചൻ ഐക്കരോട്ടിന്റെ വീട്ടുമുറ്റത്ത് നടന്നു. വാഗ്മയ പുരസ്കാര ജേതാവും മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനുമായ ശ്രീ എൻ ശശിധരൻ മാഷ് ചർച്ച ഉദ്ഘാടനം ചെയ്തു.
ഈ വർഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ 'കാന്തൻ ദ ലവർ ഓഫ് കളർ' ന്റെ സംവിധായകൻ ഷെരീഫ് ഈസ, തിരക്കഥാകൃത്ത് ശ്രീ പ്രമോദ് കൂവേരി, കൈരളി നോവൽ മത്സര വിജയി ശ്രീ കെ എസ് വിനോദ് മാസ്റ്റർ, ജിയോഗ്രഫിയിൽ ഡോക്ടറേറ്റ് നേടിയ ഡോ:കെ വി ദീപേഷ്, ജയ്പ്പൂർ മാസ്റ്റേഴ്സ് മീറ്റിൽ സ്വർണ്ണ മെഡൽ നേടിയ ടി ജി പ്രഭാകരൻ എന്നിവരെ അനുമോദിച്ചു.
അപ്രതീക്ഷിതമായി പെയ്ത മഴ ക്രമത്തിൽ പിടിച്ചിട്ട കസേരകളെ എടുത്തു മാറ്റുകയും ആയിടത്തിൽ പെയ്തു നിറയുകയും ചെയ്തപ്പോൾ വേദിയും സദസ്സും ഒന്നായി മാറുകയും വീട്ടുമുറ്റം ഔപചാരികതകളില്ലാത്ത വെറും മുറ്റമായി മാറുകയും ചെയ്തു.
എഴുത്ത് എല്ലാക്കാലത്തും നിലനില്ക്കുന്ന അധികാര വ്യവസ്ഥയ്ക്കു മേലെ നമ്മുടെ ഒരു പ്രതിരോധമാണെന്നും അത്തരത്തിലുള്ള പ്രതിരോധത്തെക്കുറിച്ചുള്ള സങ്കല്പം സാക്ഷാത്ക്കരിക്കാതെ എഴുത്ത് സാധ്യമാവില്ലെന്നും എഴുത്തും വായനയും പുതിയ വെല്ലുവിളികൾ എന്ന വിഷയം അഭിസംബോധന ചെയ്ത് സംസാരിച്ച ശ്രീ. എൻ.ശശിധരൻ മാഷ് പറഞ്ഞു. എഴുത്തധികാരങ്ങളെക്കുറിച്ചും നിലനില്ക്കുന്ന സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകളും പിന്നീടുള്ള ചർച്ചകളെ സജീവമാക്കുകയും അധികാരിയില്ലാത്ത സ്വാതന്ത്ര്യത്തിന്റെ തെളിച്ചമുള്ള ചിന്തകൾ അവിടെ ധാരാളമായി ഉണരുകയുമുണ്ടായി. യോജിപ്പുകളും വിയോജിപ്പുകളും ചേരുന്നിടത്താണ് കൂട്ടങ്ങളുടെ ജീവിതമുണ്ടാകുന്നത് എന്ന ബോധ്യത്തിൽ പിരിയുമ്പോൾ ഈ വൈകുന്നേരത്തിന് നല്ല തെളിച്ചമായിരുന്നു. ചടങ്ങിൽ ആദരിക്കപ്പെട്ടവർക്കും കൂടിയവർക്കും വീട്ടുകാർക്കും സംഘാടകർക്കും അഭിനന്ദനങ്ങൾ. നിങ്ങൾ അസൂയാർഹമായ പ്രവർത്തനമാണ് കാഴ്ചവെക്കുന്നത്.